രോ​ഗിയിൽ നിന്ന് ഡോക്ടറിലേക്ക്: മനക്കരുത്തിന്റെ യാത്ര…

0 1,050

മഞ്ജുള നവീൻ

ലോകം മുഴുവൻ അസാധ്യമെന്ന് പറഞ്ഞിട്ടും അർച്ചന ആ ലക്ഷ്യത്തിലേക്ക് നടന്നടുത്തു… പ്രതിസന്ധികൾ ഒരുപാടുണ്ടായിരുന്നു. ചെറുപ്പകാലത്ത് തന്നെ ശരീരത്തെ തളർത്തിയ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോ​ഗത്തിന് പക്ഷെ അർച്ചന വിജയനെന്ന പോരാളിയുടെ മനസ്സിനെ തളർത്താനായില്ല. കഴിയില്ലെന്നും, കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നില്‍ നിശ്ചയദാർഢ്യവും, മനക്കരുത്തും കൂട്ടുപിടിച്ച് അർച്ചന നേടി ഡോക്ടർ എന്ന സ്വപ്നം. പാലക്കാട് തേങ്കുറിശ്ശിയിലെ വി‍ജയന്റേയും ദേവി വിജയന്റേയും മകളാണ് അർച്ചന. രണ്ടാം വയസ്സിലാണ് എസ്എംഎ രോ​ഗബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷെ തങ്ങളുടെ മകളെ ദുർബലയായല്ല ഈ ദമ്പതികൾ വളർത്തിയത്. മറിച്ച് ഏത് പ്രതിസന്ധികളേയും ചിരിച്ച് കൊണ്ട് മറികടക്കാൻ അവളെ പഠിപ്പിച്ചു. അച്ചന്റെ തോളത്തിരുന്ന് അവൾ യാത്ര ചെയ്തു. സാധാരണ സ്കൂളിൽ സഹപാഠികളുടെ കൂടെ കളിച്ച് ചിരിച്ച് അവൾ തന്റെ പരിമിതികൾ മറന്നു.

പക്ഷെ ചില സന്ദർ‌ഭങ്ങളിൽ അവളുടെ കുഞ്ഞ് മനസ്സ് വേദ​നിച്ചു. രോ​ഗിയെന്ന നിലയിൽ അവ​ഗണനയും തിക്താനുഭവങ്ങളും അർച്ചനയ്ക്ക് അനുഭവപ്പെട്ടത് ആശുപത്രികളിൽ നിന്നായിരുന്നു. ചികിത്സയ്ക്കായി ആശുപത്രികളിൽ പോകുമ്പോൾ ചില ഡോക്ടർമാരുടെ അപക്വമായ പെരുമാറ്റം ആ കുഞ്ഞിനെ വേദനിപ്പിച്ചു. അങ്ങനെ അവൾ തീരുമാനിച്ചു വലുതാകുമ്പോൾ ഞാനുമൊരു ഡോക്ടറാകും. ഒരു ഡോക്ടർ എങ്ങനെയായിരിക്കണമെന്ന് എന്നിലൂടെ ഞാൻ ലോകത്തെ കാണിക്കും. ഇന്ന് അർച്ചന തന്റെ സ്വപ്നത്തിന്റെ ആദ്യപടി കടന്നിരിക്കുകയാണ്.കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് അർച്ചന ഇപ്പോൾ. എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചിട്ടും മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ മെഡിസിന് അര്‍ച്ചനയ്ക്ക് 2തവണ സീറ്റ് നിഷേധിക്കപ്പെട്ടു. പരിമിതിക്കുള്ളിൽ നിന്ന് ഡോക്ടറാവുക എന്ന ലക്ഷ്യത്തെ പലരും അവ​ഗണിച്ചു. ഇടയ്ക്ക് മാതാപിതാക്കൾക്ക് പോലും പ്രതീക്ഷ നഷ്ടപ്പെട്ടു. പക്ഷെ അർച്ചന പിൻമാറിയില്ല. തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ തനിക്ക് മാത്രമേ കഴിയു എന്ന ബോധ്യത്തിൽ അവൾ പരിശ്രമം തുടർന്നു. ആ ശ്രമം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തി നിൽക്കുകയാണ്. തന്റെ ജീവിതം ചിലർക്കെങ്കിലും പ്രചോദനമാകുമെന്ന് അർച്ചന കരുതുന്നു.

കോട്ടയം മെഡിക്കൽ കോളേജിലെ ജീവിതം ഏറെ ആസ്വദിക്കുകയാണ് അർച്ചന. സഹപാഠികളും അധ്യാപകരും പൂർണ പിന്തുണയോടെ കൂടെ തന്നെയുണ്ട്.നല്ലൊരു ​ഗായിക കൂടിയാണ് അർച്ചന. എസ്എംഎ രോ​ഗികളുടെ കൂട്ടായ്മയായ മൈൻഡ്( Mobility in Dystrophy)യിലെ സജീവ പ്രവർത്തകയാണ്. ആദ്യകാലങ്ങളിൽ എഴുന്നേറ്റ് ഇരിക്കാൻ പോലും പ്രയാസപ്പെട്ട അർച്ചനയ്ക്ക് ഫിസിയോ തെറാപ്പിയിലൂടെ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭിന്നശേഷി സൗഹാർദ്രമാകണം നമ്മുടെ നാട് എന്നതാണ് അർച്ചനയുടെ ഇപ്പോഴത്തെ ആ​ഗ്രഹം. ഇപ്പോഴും പലയിടങ്ങളിലും ലിഫ്റ്റ് സംവിധാനം വരെയില്ല.. ഇതൊക്കെ മാറണമെന്ന് യാത്രയേ ഏറെ ഇഷ്ടപ്പെടുന്ന അർച്ചന പറയുന്നു

Leave A Reply

Your email address will not be published.