മുലയൂട്ടുന്ന അമ്മമാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

0 481

മുലപ്പാല്‍ ശ്വാസനാളത്തില്‍ കയറി നവജാത ശിശുക്കള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ മുലയൂട്ടുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
ഗര്‍ഭ കാലത്ത് തന്നെ ശാസ്ത്രീയമായി മുലയൂട്ടുന്ന രീതികളെക്കുറിച്ചും കുഞ്ഞിനെ ശരിയായി മുലയൂട്ടുന്നതിനെക്കെുറിച്ചും അമ്മമാര്‍ മനസിലാക്കണം. ശ്വാസനാളത്തില്‍ പാല് കയറി ശ്വാസതടസം ഉണ്ടായി നവജാത ശിശുക്കള്‍ മരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാത്രി സമയങ്ങളില്‍ അമ്മമാര്‍ ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നത് കൊണ്ടോ ശരിയായ രീതിയില്‍ മുലയൂട്ടാത്തത് കൊണ്ടോ ആണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്.

കുഞ്ഞിന്റെ മുഖത്ത് നോക്കി വേണം പാലൂട്ടാൻ. മുലപ്പാലിന്റെ അളവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കുഞ്ഞിന്റെ വായിലേക്ക് പോകുന്ന മുലപ്പാലിന്റെ അളവ് അമ്മ ശ്രദ്ധിക്കണം. ധാരാളം പാല്‍ ഒരുമിച്ച്‌ ലഭിക്കുന്നത് ചിലപ്പോള്‍ ശ്വാസനാളത്തിലേക്ക് പാൽ കടക്കാൻ ഇടയാക്കും. കൃത്യമായ ഇടവേളകളില്‍ വേണം കുഞ്ഞിനെ പാലൂട്ടാൻ. പാലൂട്ടിയ ശേഷം ശരിയായ രീതിയില്‍ പുറത്ത് തട്ടി ഗ്യാസ് കളയുന്നത് പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് പെട്ടെന്ന് അസ്വസ്ഥതയോടെ പാല് കുടിക്കാതിരുന്നാല്‍ അമ്മ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

എത്രയും വേഗം കുഞ്ഞിനെ ഭാഗികമായി ചെരിച്ചു കമഴ്ത്തി പുറത്ത് തട്ടി തൊണ്ടയില്‍ കുടുങ്ങിയ പാലിനെ പുറത്തു കളയണം. പരിഭ്രാന്തരായി കുഞ്ഞിനെ നേരെ മുകളിലേക്ക് ഉയര്‍ത്തുന്നതും പരിപൂര്‍ണ്ണമായി കമഴ്ത്തി കിടത്തുന്നതും കൂടുതല്‍ പാല്‍ ശ്വാസനാളത്തിലേക്ക് കടന്ന് അപകടം ഉണ്ടാവാൻ ഇടയാക്കും. കുഞ്ഞിന്റെ തൊണ്ടയില്‍ പാല് കുടുങ്ങിയാല്‍ കുഞ്ഞിന് പ്രാഥമികമായി നല്‍കേണ്ട ശുശ്രൂഷയെക്കുറിച്ച്‌ മുലയൂട്ടുന്നവര്‍ ഒരു ശിശുരോഗ വിദഗ്ധനില്‍ നിന്നും നേരിട്ട് മനസിലാക്കണം. പെട്ടെന്ന് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍ അശാസ്ത്രീയമായി കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും.

Leave A Reply

Your email address will not be published.