100 കിലോമീറ്റർ ഡ്രൈവ്ചെയ്ത് പോയി കീമോ ചെയ്തുവന്നു. അതിജീവനമാണ് കേണൽ സുരേന്ദ്രന്റെ ജീവിതം

0 1,445

മഞ്ജുള നവീൻ

കാൻസർ…..
എല്ലാവരും ഭയക്കുന്ന ഈ രോ​ഗത്തെ പുഞ്ചിരിയോടെ നേരിടുകയാണ് സുരേന്ദ്രൻ എന്ന കണ്ണൂര്കാരൻ. ഇത് ആദ്യമായല്ല കേണൽ സുരേന്ദ്രൻ വെല്ലുവിളികൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കുന്നത്. പഠിക്കാൻ ആ​ഗ്രഹമുണ്ടായിട്ടും വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കുടുംബം നോക്കാനാണ് ആർമിയിൽ ചേർന്നത്. അവിടേയും നേരിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളാണ്. ജോലിയിൽ തുടരെ തന്നെ പകുതി വഴിയിൽ മുടങ്ങിയ തന്റെ വി​ദ്യാഭ്യാസം പൂർത്തിയാക്കി. ഓഫിസർ ആയതിന് ശേഷം ആദ്യത്തെ പോസ്റ്റിങ് സിയാച്ചിനിലായിരുന്നു. സിയാച്ചിൻ മലനിരകളിലെ കോച്ചുന്ന തണുപ്പിനിടയിലെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിലാണ് പാക്കിസഥാന്റെ ഒരു വെടിയുണ്ട വലത്തേ തോളിലേൽക്കുന്നത്. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. പതിനെട്ടായിരം അടി മുകളിൽ നിന്ന് അന്ന് സഹപ്രവർത്തകർ കെട്ടി വലിച്ചാണ് താഴെ എത്തിച്ചത്. വലത് കൈ ഇപ്പോഴും ചലിപ്പിക്കാൻ പ്രയാസമാണ്. അങ്ങനെ പരീക്ഷണങ്ങളെ ഓരോന്നായി കേണൽ സുരേന്ദ്രൻ തന്റെ പോസറ്റീവ് ചിന്തയോടെ ചെറുത്തുകൊണ്ടിരിക്കുകയാണ്.

സർവീസിൽ നിന്ന് റിട്ടയർ ആയി വിശ്രമജീവിതം നയിക്കുന്നതിന് ഇടയിലാണ് കേണൽ സുരേന്ദ്രന് മുന്നിൽ അടുത്ത വെല്ലുവിളി എത്തുന്നത്. കാൻസർ….
രാവിലെ നടക്കാൻ പോകുന്ന ശീലമുണ്ടായിരുന്നു. പതിവായി നടക്കുന്ന ദൂരത്തിൽ അതേ വേ​ഗത്തിൽ തന്നെ നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടാൻ തുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ പോകുന്നത്. ആദ്യം ഹൃദയസംബന്ധമായ അസുഖം എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു സംശയം. എന്നാൽ ​ഹൃദയത്തിന് കുഴപ്പമൊന്നുമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പായി. ശ്വാസകോശം കൂടെ പരിശോധിക്കാൻ ഡോക്ടറോട് നിർദേശിച്ചത് കേണൽ സുരേന്ദ്രൻ തന്നെയാണ്. തുടർന്ന് നടന്ന വിദ​ഗ്ദ പരിശോധനയിലൂടെ ശ്വാസകോശ കാൻസർ നാലാമത്തെ സ്റേറജ് സ്ഥിരീകരിച്ചു.ഈ സ്റ്റേജിലുളള ഒരു രോ​ഗിയുടെ ആയുസ് 5 വർഷമാണെന്നാണ് പെതുവെ പറയുക. പക്ഷെ സുരേന്ദ്രൻ തീരുമാനിച്ചു അത്ര പെട്ടെന്ന് വിധിക്ക് കീഴടങ്ങുകയില്ലയെന്ന്. കാൻസർ ചികിത്സയ്ക്ക് പുറമേ തന്റെ ജീവിത രീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നു .. ചെറുപ്പം മുതൽതന്നെ ആരോ​ഗ്യം ശ്രദ്ധിക്കുമായിരുന്നെങ്കിലും ശരീരം സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തി കേണൽ സുരേന്ദ്രൻ. കൂടാതെ തന്റെ അതിജീവനത്തിന് പ്രധാന കാരണം തന്റെ പോസറ്റീവ് ചിന്തയാണെന്നും കേണൽ സുരേന്ദ്രൻ പറയുന്നു.

വായനയിലൂടെയും പഠനത്തിലൂടേയും തന്റെ ജീവിത രീതി ചിട്ടപ്പെടുത്തുകയായിരുന്നു. കൂടാതെ യോ​ഗ പ്രാണയാമ തുടങ്ങിയ വ്യായാമങ്ങളും ചെയ്യുന്നുണ്ട്. യോ​ഗ തനിക്ക് പറ്റുന്നരീതിയിലുള്ള ആസനങ്ങൾ ചേർത്ത് ചിട്ടപ്പെടുത്തുകയായിരുന്നു. ഒരുനേരം വേവിക്കാത്ത ആഹാരമാണ് കഴിക്കുക. രാവിലെ പഴവർ​ഗങ്ങൾ മാത്രം കഴിക്കും. ഉച്ചയ്ക്ക് ഭക്ഷണത്തിന് മുമ്പേ സാല​ഡ് കഴിക്കും. തവിടോട് കൂടിയ ചോറാണ് കഴിക്കുക. രാത്രിയും പകുതി ഭാ​ഗം സാലഡ് ആയിരിക്കും, ബാക്കി പകുതി ചപ്പാത്തി പോലുള്ള പലഹാരം. മാംസാഹരവും ഡയറ്റിൽ ഉൾപ്പെടുത്തി. കൃത്യമായ അളവിൽ പ്രോട്ടീനും ഫൈബറും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. പഞ്ചസാര, മൈദ പൊടിയുപ്പ് എന്നിവ പാടെ ഉപേക്ഷിച്ചു.ദിവസവും 12 ​ഗ്ലാസ് വെള്ളം കുടിക്കും. ഇടയ്ക്ക് ലക്ഷ്മിതരു ചേർത്ത് തിളപ്പിച്ച വെള്ളവും കുടിക്കാറുണ്ട്.
ആയുർവേദ, പ്രകൃതി ചികിത്സ വിധി പ്രകാരമാണ് ഡയറ്റ് തയ്യാറാക്കിയത്. ഇന്റർ മിറ്റന്റ് ഫാസ്റ്റിങ് പ്രകാരമാണ് ഭക്ഷണം കഴിക്കുന്നത്.16 മണിക്കൂർ ഭക്ഷണം കഴിക്കില്ല. രാത്രി ഭക്ഷണം 8 മണിക്കുള്ളിൽ കളിക്കും. 11.30 കഴിഞ്ഞാൽ മാത്രമേ പ്രഭാത ഭക്ഷണം കഴിക്കുകയുള്ളു.രാവിലെ വെറും വയറ്റിൽ ​ഗോതമ്പ് മുളപ്പിച്ച പുല്ലും കറ്റാർ വാഴയും ചിറ്റാമൃതും തുള്ളസിയിലയും വേപ്പിലയും ചേർത്ത ജ്യൂസ് കുടിക്കും . അതുപോലെ അശ്വ​ഗന്ധം തേനിൽ ചാലിച്ച് കഴിക്കാറുണ്ട്.പച്ച മഞ്ഞൾ, ഇഞ്ചി , ചെറുനാരങ്ങ, നെല്ലിക്ക തുടങ്ങിയവ തേനിൽ ചേർത്ത വെള്ളം വൈകീട്ട് കുടിക്കുന്നുണ്ട്.

കാൻസർ വന്ന ആദ്യകാലത്ത് എന്ത് കൊണ്ടാണ് തനിക്ക് കാൻസർ വന്നതെന്ന് ചിന്തിച്ചിരുന്നതായി സുരേന്ദ്രൻ പറയുന്നു. മദ്യപാനമോ പുകവലിയോ പോലുള്ള ദുശ്ശീലങ്ങളൊന്നുമില്ലാത്ത ചിട്ടയായ ജീവിതക്രമവും വ്യായമവുമെല്ലാം ചെയ്യുന്ന തനിക്ക് കാൻസർ വരാൻ കാരണം മാനസീക സംഘർഷമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെടുന്നു. ആയുർവേദത്തിലും മാനസീകമായ ബു​ദ്ധിമുട്ടുകൾ ആരോ​ഗ്യത്തെ ബാധിക്കുമെന്ന് പറയുന്നുണ്ടന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു
56കീമോതെറാപ്പി കഴിഞ്ഞിട്ടും കാൻസറിനെ പിടിച്ചുനിർത്തി മുന്നോട്ട് പോവുകയാണ് ഇദ്ദേഹം. ഇപ്പോൾ കാൻസറിന്റെതായ യാതൊരു ബുദ്ധിമുട്ടും ശരീരം കാണിക്കുന്നില്ല.കോവിഡ് കാലത്ത് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് 100 കിലോമീറ്റർ കാർ ഡ്രൈവ് ചെയ്ത് പോയി കീമോ ചെയ്ത് അന്ന് തന്നെ മടങ്ങുമായിരുന്നു. പിറ്റേദിവസം തന്ന തന്റെ വ്യായാമങ്ങളും ചെയ്ത് തുടങ്ങും. കീമോ ചെയ്തതിന്റെ ക്ഷീണമൊന്നും മനസ്സിനെയോ ശരീരത്തേയോ ഇപ്പോൾ ​ബാധിക്കുന്നില്ല.

Leave A Reply

Your email address will not be published.