കാടിൻ്റെ മക്കൾക്ക് താങ്ങായി ഒരു ഡോക്ടർ…

0 737

ഷിനോയി മാത്യു

കാട്ടിലെ മക്കൾക്ക് ആതുര സേവനത്തിൻ്റെ കൈകൾ നീട്ടുകയാണ് മലപ്പുറം തൃപ്പനച്ചി പി എച്ച് സി യിലെ അസിസ്റ്റന്റ് സർജനായ ഡോക്ടർ അശ്വതി സോമൻ. ട്രൈബൽമേഖലയിൽ പ്രവർത്തിക്കുന്ന ​ഗവൺമെന്റ് മൊബൈൽ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറായിരുന്ന അശ്വതി കാടും മേടും താണ്ടി തന്റെ സേവനം ഒരുപാട് പേരിലെത്തിക്കുന്നു. ശരീരവും മനസ്സും തളർന്നുപോയേക്കാവുന്ന കാട്ടിലൂടെയുള്ള ഈ യാത്ര അശ്വതി ആസ്വദിക്കുന്നു. കുട്ടിക്കാലം മുതൽ തന്നെ ഡോക്ടറാകാനായിരുന്നു ആ​ഗ്രഹം. ഡോക്ടറായ അച്ഛനെ കണ്ട് വളർന്ന അശ്വതിക്ക് മറ്റൊരു പ്രൊഫഷനെ കുറിച്ച് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. മെഡിക്കൽ പഠനം കഴിഞ്ഞ് ആദ്യം ചെർന്നത് കോട്ടപ്പുറം പിഎച്ച്സിയിൽ മെഡിക്കൽ ഓഫീസറായിട്ടായിരുന്നു. പിന്നീടാണ് നിലമ്പൂരിലെ ട്രൈബൽ ​ഗവ മൊബൈൽ ഡിസ്പെൻസറിയിലേക്ക് മാറുന്നത്.

ആശുപത്രിയിലിരുന്ന് രോ​ഗികളെ ചികിത്സിക്കുന്നതിന് പകരം രോ​ഗികളെ തേടി ഡോക്ടർ കാട് കയറി. ഓരോ ദിവസവും ഓരോ ഇടത്തേക്ക് യാത്ര… സഞ്ചാര പ്രിയ കൂടിയായ ഡോ. അശ്വതിയ്ക്ക് ഈ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. യാത്രകൾ ഇഷ്ടപ്പെടുന്നതിനപ്പുറം തന്നെകൊണ്ടാവുന്നത് ആദിവാസികൾക്കായി ചെയ്യാൻ കഴിഞ്ഞു എന്ന തൃപ്തിയും ഡോക്ടറുടെ വാക്കുകളിൽ കാണാൻ കഴിയും.
കാട്ടിലൂടെയുള്ള യാത്ര ശ്രമകരമാണ്. കാലാവസ്ഥ പ്രതികൂലമാകാം. വന്യ ജീവികൾ ഉണ്ടാകാം അങ്ങനെ പലതും. ഈക്കാരണങ്ങൾ കൊണ്ട് തന്നെ പലരും പിന്നോട്ട് പോയിട്ടുണ്ട്. എന്നാൽ ഡോ. അശ്വതി ഈ വെല്ലുവിളികളെയെല്ലാം സ്വമനസ്സാലെ സ്വീകരിക്കുകയായിരുന്നു. ജീപ്പിലാണ് ആദിവാസികോളനികളിൽ പോകുന്നത്. ചിലപ്പോൾ ഒത്തിരി ദൂരം നടക്കേണ്ടി വരും . 75 കിലോമീറ്റർ ദൂരെ വരെയൊക്കെ പോകേണ്ടി വന്നിട്ടുണ്ട്. അതിൽ കൂടുതലും ഓഫ് റോഡായിരിക്കും. വല്ലാതെ ക്ഷീണിക്കും. മിക്ക സ്ഥലങ്ങളിലും ടോയ്ലെറ്റ് സൗകര്യങ്ങൾ പോലുമുണ്ടാകില്ല.

ആദ്യമൊക്കെ അവിടുത്തെ ആളുകളുമായി ഇടപഴകാൻ ബുദ്ധിമുട്ടായിരുന്നു. വിളിച്ചാൽ കുടിയിൽ നിന്ന് ഇറങ്ങി വരാതിരിക്കുക. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം തരാതിരിക്കുക… എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ അകൽച്ച മാറി.അവർക്ക് മലയാളം മനസ്സിലാവും. അവർ തമ്മിൽ സംസാരിക്കുന്നതും ഇപ്പോൾ ഡോക്ടർക്ക് മനസ്സിലാകും. മണ്ണിൽ കിടന്നു ജീവിക്കുന്നതു കൊണ്ട് ചൊറി, ലെപ്രസി പോലുള്ള അസുഖങ്ങളൊക്കെ അവർക്കിടയിൽ കൂടുതലാണ്. അത് കുറക്കാനായി അവിടെ ചെന്ന് പ്രവർത്തിക്കണം. അവിടെ ബോധവൽക്കരണം നടത്തണം. അതുപോലെ തന്നെ കോവിഡ് കാലത്തും കാടിനുള്ളിൽ പോയിട്ടുണ്ട്. കാരണം മെഡിക്കൽ ക്യാമ്പുകൾ നിർത്തിയാൽ അവിടെയുള്ളവർ പ്രയാസപ്പെടും. പിപിഇ കിറ്റ് ധരിച്ചാണ് ചികിത്സിച്ചത്. അവർക്ക് വാക്സിനേഷൻ നൽകാനുള്ള ക്യമ്പുകളും സംഘടിപ്പിച്ചിരുന്നു. വാക്സിനേഷനു മുമ്പേ ബോധവൽക്കരണം നടത്തേണ്ടി വന്നു. വാക്സിനേഷന്റെ പ്രാധാന്യം മനസ്സിലാക്കിയ ശേഷം ഒട്ടുമിക്ക പേരും വിമുഖത കാട്ടാതെ സഹകരിച്ചു. ആദിവാസി വിഭാ​ഗക്കാർക്ക് പ്രഥമശുശ്രൂഷ പരിശീലന ക്ലാസുകളും നൽകിയിരുന്നു.

‌2018ലെ പ്രളയകാലത്തും ഡോക്ടർ കാട്ടിലെ മക്കൾക്ക് താങ്ങായി നിന്നു. കവളപ്പാറയിലെ ഉരുൾപ്പൊട്ടലിന് ശേഷം അവിടെ ഡ്യൂട്ടിക്ക് പോയിരുന്നു. മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കുഴിച്ചെടുക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്. പ്രളയത്തിൽ ചില ആദിവാസി കോളനികൾ ഒറ്റപ്പെട്ട് പോയിരുന്നു. മഞ്ചേരിക്കടുത്ത് മണ്ണള്ള എന്ന സ്ഥലത്ത് ചോലനായക്കർ വിഭാ​ഗത്തിൽപെട്ട കുറച്ച് പേരെ കാണാതെപോയിരുന്നു. ജില്ലാകലക്ടറുടെ നിർദേശ പ്രകാരം ഡോ അശ്വതി അടങ്ങുന്ന മെഡിക്കൽ സംഘം കാട്ടിലേക്ക് പോയി. ഉരുൾപൊട്ടലിനെ തുടർന്ന് വഴിയാകെ തകർന്ന് കിടക്കുകയായരുന്നു. നടക്കുമ്പോൾ കാൽമുട്ടുവരെ മണ്ണിൽ പൊതിഞ്ഞുപോകുമായിരുന്നു. ഒടുവിൽ ആദിവാസികളെ കണ്ടെത്തി. അവർക്ക് ഭക്ഷണവും വെള്ളവും നൽകി. ആതുര സേവനത്തോടൊപ്പം തന്നെ സിനിമ എന്ന സ്വപ്നവും ഡോ. ആശ്വതി സോമന്റെ ഉള്ളിലുണ്ട്. കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.രണ്ട് പരസ്യവും ഒരു ഷോർട് ഫിലിമും സംവിധാനം ചെയ്തിട്ടുമുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യണം എന്നൊരു ആ​ഗ്രഹവുമുണ്ട് . അതിന്റെ പണിപ്പുരയിലാണ് ഡോക്ടർ ഇപ്പോൾ. രണ്ട് സിനിമകളുടെ സ്ക്രിപ്റ്റിങ് നടക്കുന്നുണ്ട്.

ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകണമെന്ന അഭിപ്രായക്കാരിയാണ് ഡോ. അശ്വതി സോമൻ. ഡോക്ടറുടെ ഭർത്താവ് അനൂപ് രവി മാഞ്ജിരി മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജിസ്റ്റ് ആണ്. മകൻ അനിരുദ്ധ് മൂന്നാം ക്ലാസിൽ പഠിക്കുന്നു. മകൾ അരുന്ധതി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുടുംബത്തിന്റെ പിന്തുണയാണ് അശ്വതി സോമൻ എന്ന വ്യക്തിയുടെ യാത്ര കൂടൂതൽ സു​ഗമമാക്കുന്നതെന്ന് ഡോക്ടർ പറയുന്നു.

Leave A Reply

Your email address will not be published.