ഫൈബ്രോമയാൾജിയ: അറിയാം വിശദമായി

0 23

ഫൈബ്രോമയാൾജിയ എന്നത് വ്യാപകമായ വേദന, ക്ഷീണം എന്നിവയാല്‍ പ്രകടമാകുന്ന വിട്ടുമാറാത്തതും സങ്കീര്‍ണ്ണവുമായ ഒരു രോഗമാണ്.

അതിന്റെ കൃത്യമായ കാരണത്തില്‍ അവ്യക്തത തുടരുന്നുവെങ്കിലും ഇത് ലോകമെബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നാണ്. ഈ രോഗം സ്ത്രീകളിലാണ് കൂടുതല്‍ കണ്ട് വന്നിട്ടുള്ളത്.

രോഗലക്ഷണങ്ങള്‍

ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ലക്ഷണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വ്യാപകമായ വേദനയാണ്. ക്ഷീണം, ഉറക്ക അസ്വസ്ഥതകള്‍, പലപ്പോഴും ‘ഫൈബ്രോ ഫോഗ്’ അല്ലെങ്കില്‍ ‘ബ്രെയിൻ ഫോഗ്’ എന്ന് വിളിക്കപ്പെടുന്ന ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ് എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍, തലവേദന, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം, സ്പര്‍ശനം, പ്രകാശം, ശബ്ദം എന്നിവയോടുള്ള സംവേദനക്ഷമത എന്നിവയാണ് മറ്റ് സാധാരണ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുടെ തീവ്രത വ്യത്യാസപ്പെടാം. കാലക്രമേണ അവ പലപ്പോഴും കൂടിയും കുറഞ്ഞും ആയേക്കാം.

കാരണങ്ങളും അപകട ഘടകങ്ങളും

ഫൈബ്രോമയാള്‍ജിയയുടെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും ഇത് ജനിതക, പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങളുടെ സംയോജനത്തിന്റെ ഫലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഫൈബ്രോമയാള്‍ജിയയുടെ കുടുംബ ചരിത്രം, ശാരീരിക ആഘാതം, അണുബാധകള്‍, സമ്മര്‍ദ്ദം എന്നിവ ചില അപകടസാധ്യത ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ചില സ്വയം രോഗപ്രതിരോധ അവസ്ഥകളും ഫൈബ്രോമയാള്‍ജിയ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

രോഗനിര്‍ണയം

സാധാരണയായി സമഗ്രമായ മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, ശരീരത്തില്‍ പ്രത്യേക ടെൻഡര്‍ പോയിന്റുകളുടെ സാന്നിധ്യം എന്നിവ കണക്കിലെടുത്ത് രോഗനിര്‍ണയം നടത്തും. രോഗികള്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വ്യാപകമായ വേദന അനുഭവിച്ചവരും, അവരുടെ രോഗലക്ഷണങ്ങളുടെ മറ്റ് കാരണങ്ങള്‍ ഒഴിവാക്കുകയും വേണം.

ചികിത്സയും മാനേജ്‌മെന്റും

സ്ഥിരമായി വ്യായാമം ചെയ്യുന്നത് വേദന കുറയ്ക്കാനും വഴക്കം മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിക്കും. മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് ഫൈബ്രോമയാള്‍ജിയയുടെ വൈകാരികവും ശാരീരികവുമായ വെല്ലുവിളികളെ നേരിടാൻ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി സമീപനം സഹായിക്കുന്നു.

രോഗിയുടെ മാനസിക അവസ്ഥയും രോഗലക്ഷണങ്ങളും എല്ലാം ഒന്നിച്ച്‌ കണക്കിലെടുത്ത് നടത്തുന്ന ഹോമിയോപ്പതി ചികിത്സാ രീതി ഫൈബ്രോമയാള്‍ജിയ ബാധിച്ച രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്.

ഫൈബ്രോമയാള്‍ജിയയുമായി ജീവിക്കുന്നത് ശാരീരികമായും വൈകാരികമായും വെല്ലുവിളി നിറഞ്ഞതാണ്. കുടുംബം, സുഹൃത്തുക്കള്‍, ആരോഗ്യപരിപാലന വിദഗ്ധര്‍ എന്നിവരുടെ ശക്തമായ പിന്തുണാ ശൃംഘല കെട്ടിപ്പടുക്കേണ്ടത് രോഗികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഫൈബ്രോമയാള്‍ജിയയും ദൈനംദിന ജീവിതത്തില്‍ അതിന്റെ സ്വാധീനവും മനസ്സിലാക്കുന്നത് ഈ വിട്ടുമാറാത്ത അവസ്ഥയില്‍ ജീവിക്കുന്നവരോട് സഹാനുഭൂതിയും പിന്തുണയും വളര്‍ത്തിയെടുക്കാൻ സഹായകമാവും.

Leave A Reply

Your email address will not be published.