മുപ്പതുകളില്‍ ഈ 5 വ്യായാമങ്ങൾ പതിവാക്കാം

0 211

മുപ്പതുകളില്‍ ആരോഗ്യവും ശാരീരികക്ഷമതയും നിലനിര്‍ത്താന്‍ ദിനചര്യയില്‍ വ്യായാമത്തിന് പ്രത്യേക സ്ഥാനം നല്‍കണം.
റെസിസ്റ്റന്‍സ് ട്രെയിനിങ്, യോഗ, സൈക്ലിങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങള്‍, ബാലന്‍സ് എക്‌സര്‍സൈസ്, ഫങ്ഷണല്‍ ട്രെയിനിങ് എന്നീ അഞ്ച് വ്യായാമങ്ങളാണ് ഈ പ്രായത്തില്‍ കൂടെ കൂട്ടേണ്ടതെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

റെസിസ്റ്റന്‍സ് ട്രെയിനിങ്

ഇത് പേശികളുടെ സഹിഷ്ണുതയും കരുത്തും മെച്ചപ്പെടുത്തും. അസ്ഥികളുടെ സാന്ദ്രത പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ വ്യായാമം ചെയ്യുന്നതാണ് നല്ലത്. റെസിസ്റ്റന്‍സ് ബാന്‍ഡ് ഉപയോഗിച്ച്‌ ചെയ്യുന്ന വ്യായാമം മുതല്‍ ഡെഡ്‌ലിഫ്റ്റ് വരെ ഇതില്‍ ഉള്‍പ്പെടും.

യോഗ

മുപ്പതുകളില്‍ മെയ്‌വഴക്കവും ബാലന്‍സും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് യോഗ പ്രാധാന്യമര്‍ഹിക്കുന്നത്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കും.

എയ്‌റോബിക് വ്യായാമങ്ങള്‍

സൈക്ലിങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങള്‍ നിങ്ങളുടെ വര്‍ക്കൗട്ടില്‍ ചേര്‍ക്കണം. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്.

ബാലന്‍സ് എക്‌സര്‍സൈസ്

പ്രായം കൂടുന്തോറും ബാലന്‍സ് നിലനിര്‍ത്താനുള്ള വ്യായാമങ്ങളുടെ പ്രാധാന്യവും കൂടും. ഇവ ഏകോപനം നിലനിര്‍ത്താന്‍ സഹായിക്കും. വീഴാനും പരിക്കേല്‍ക്കാനുമുള്ള സാധ്യത ഇതുവഴി കുറയ്ക്കാം. ഒറ്റക്കാലില്‍ നില്‍ക്കുന്നതും നടത്തവുമൊക്കെ ബാലന്‍സ് മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങളില്‍ ഉള്‍പ്പെടും.

ഫങ്ഷണല്‍ ട്രെയിനിങ്

ഫങ്ഷണല്‍ ഫിറ്റ്‌നസ് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വ്യായാമമാണ്. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ശരീരത്തെ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം വ്യായാമങ്ങള്‍ പരിക്കിന്റെ സാധ്യത കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. നടത്തം, പുഷ്‌അപ്പ്, സ്‌ക്വാട്ട്‌സ്, ബര്‍പ്പീസ് തുടങ്ങിയവ ഇതിൽ ഉള്‍പ്പെടും.

Leave A Reply

Your email address will not be published.