പുഞ്ചിരിയിലുടെ നമ്മെ വിസ്മയിപ്പിക്കുന്ന കൃഷ്ണകുമാർ…

0 600

മഞ്ജുള നവീൻ

കൃഷ്ണകുമാർ ഒരു പ്രചോദനമാണ്… ജീവിതം നമ്മെ വിഷമങ്ങൾ കൊണ്ട് പൊതിയുമ്പോഴും പുഞ്ചിരിയുടെ വെട്ടം കാത്തുസൂക്ഷിക്കാനുള്ള പ്രചോദനം. കൃഷ്ണകുമാർ എന്ന കുട്ടുവിന്റെ അതിജീവനത്തിന്റെ കഥ അറിയണം.. അതൊരു പാഠമാണ്.. വെല്ലുവിളികളെ നേരിടാനുള്ള പാഠം…

ബാങ്ക് ഉദ്യോ​ഗസ്ഥരായ പ്രസന്നൻ പിള്ളയുടെയും ശ്രീലതയുടേയും മകനായി കൊല്ലം ജില്ലയിലെ ​ഗ്രാമമായ മുകുന്ദപുരത്താണ് കൃഷ്ണകുമാർ ജനിച്ചത്. സാധാരണ എല്ലകുഞ്ഞുങ്ങളേയും പോലെയായിരുന്നു ആദ്യകാലം. ദേവിക എന്ന വീട്ടിൽ അവന്റെ കരച്ചിലും ബഹളങ്ങളുമൊക്കെയായി സന്തോഷം നിറഞ്ഞു. എന്നാൽ കുട്ടുവിന് എട്ടാംമാസമായപ്പോൾ ആ സന്തോഷത്തിന് മങ്ങലേറ്റു. ഇഴച്ചിലിൽ നിന്ന് പിച്ചവച്ചുതുടങ്ങിയ കൃഷ്ണകുമാറിന് അടി പതറി തുടങ്ങി.പിന്നീട് തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരാണ് രോ​ഗനിർണയം നടത്തിയത്.സ്പൈനൽ മസ്‌കുലാർ അട്രോഫി എന്നാണ് രോ​ഗത്തിന്റെ പേര്. ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അപൂർവം രോ​ഗങ്ങളിൽ ഒന്ന്. പക്ഷെ അത്ര പെട്ടെന്ന് വിധിക്ക് കീഴടങ്ങാൻ കൃഷ്ണകുമാർ തയ്യാറായിരുന്നില്ല. 17 വർഷം മാത്രം ആയുസ് പറഞ്ഞ കൃഷ്ണകുമാറിന് ഇപ്പോൾ പ്രായം 37.

ഒരു വയസ്സുമുതൽ വീൽചെയറിലാണ് കൃഷ്ണൻ. എങ്കിലും വായനയിലൂടെ ലോകം സഞ്ചരിക്കുകയാണ്… കൃഷ്ണകുമാറിന്റെ ചെറുപ്പകാലത്ത് സ്പെഷൽ സ്കൂളുകൾ അധികം ഉണ്ടായിരുന്നില്ല. അതിനാൽ പഠനം വീട്ടിൽ തന്നെയായിരുന്നു. അച്ഛൻ പ്രസന്നൻ പിള്ള നല്ലൊരു വായനക്കാരനായിരുന്നു. അതുകൊണ്ട് അച്ഛന്റെ ലൈബ്രറി തന്നെയായിരുന്നു കൃഷ്ണന്റെ ക്ലാസ് റൂം. അറിവിന്റെ ലോകത്ത് അവൻ സന്തോഷവാനാണ്. സിലബസോ പരീക്ഷകളോ ഇല്ലാതെ അവൻ പഠിച്ചു, മികച്ച വിദ്യാർത്ഥിയായി.

ആറാമത്തെ വയസ്സിലാണ് ഒരു അനുജത്തി ദേവിക ജനിക്കുന്നത്. പക്ഷെ എട്ടാം മാസം ദേവികയും വേച്ചുവീണു. കാരണം ഇതേ ജനിതക രോ​ഗം. എന്നാൽ കൃഷ്ണകുമാറിനും ദേവികയ്ക്കും താങ്ങായും തണലായും മാതാപിതാക്കൾ കൂടെ ഉണ്ടായിരുന്നു.ഇഷ്ടസ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ, പാർക്കുകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങി ആഗ്രഹിക്കുന്ന എല്ലാ സ്ഥലങ്ങളിലേക്കും മക്കൾ അച്ഛന്റെകൂടെ യാത്ര ചെയ്തു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് അങ്ങനെയൊരു യാത്രയിലാണ് ആ ദാരുണസംഭവം നടക്കുന്നത്.

​ഗുരുവായൂർ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കൃഷ്ണകുമാറും കുടുംബവും. വഴിമധ്യേ ഉണ്ടായ അപകടത്തിൽ അച്ഛനേയും അനുജത്തിയേയും കൃഷ്ണകുമാറിന് നഷ്ടമായി. പരീക്ഷണങ്ങൾ ഓരോന്നായി നേരിട്ടപ്പോളും കൃഷ്ണകുമാർ തളർന്നില്ല.അവന്റെ മനസ്സ് പറഞ്ഞു.. തളരരുത്. ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്. കണ്ട് തീർക്കാനും. അതുകൊണ്ട്കൃഷ്ണകുമാർ തന്റെ യാത്ര തുടർന്നു.

അച്ഛന്റേയും പെങ്ങളുടേയും വിയോ​ഗം വലിയ ആ​ഘാതമായിരുന്നു.4 വർഷം ഡിപ്രഷനിലൂടെ കടന്നുപോയി. ഇതേ രോഗബാധിതരായ കുറച്ച് സുഹൃത്തുക്കൾ ചേർന്നാരംഭിച്ച ഒരു വാട്‌സാപ്പ് കൂട്ടായ്മയിൽ ചേർന്നതോടെ ജീവിതം മറ്റൊരു വഴിയിലേക്ക് മാറി.ഇരുപതിൽ തുടങ്ങിയ കൂട്ടം ഇരുനൂറായി വളർന്നു. മൊബിലിറ്റി ഇൻ ഡിസ്‌ട്രോഫി (MIND) എന്ന സംഘടന തുടങ്ങുന്നത് തൃശ്ശൂരിൽ കൂടിയ ഈ കൂട്ടായ്മയിലെ ആലോചനയിലാണ്.മൈൻഡിന്റെ സ്വപ്നപദ്ധതിയാണ് ‘ഒരിടം’. വെറും ഒരു കെട്ടിടസമുച്ചയമല്ല, ഒരിടം. മസ്‌ട്രോഫി, അട്രോഫി ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് മാത്രമായുള്ള ഒരു ടൗൺഷിപ്. പകൽവീടു പോലെയും താമസിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടാകണം. ഈ രോഗം ബാധിച്ചവരിൽ കടന്നുകൂടുന്ന ഭയവും നിരാശയും അകറ്റാനുതകുന്ന കൗൺസലിങ്‌ സെന്ററുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ലൈബ്രറി, അരോ​ഗ്യകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഒരിടത്തിൽ ഒരുക്കും. അതിനായുള്ള ഓട്ടത്തിലാണ് കൃഷ്ണകൂമാർ എന്ന സംഘാടകൻ. വേണം ഒരിടം എന്ന ക്യമ്പയിനിലൂടെ ഇതിനായുള്ള പണം ശേഖരിച്ചു. ഇനി ഒരിടത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണം കൃഷ്ണകുമാർ പറയുന്നു.

ഇതിനിടയിൽ കൃഷ്ണകുമാർ എന്ന സഞ്ചാരി പോകാത്ത ഇടമില്ല.യാത്രയ്ക്കായി പ്രത്യേകമൊരുക്കിയ വാഹനത്തിൽ പ്രത്യേകമായി നിർമിച്ച വീൽച്ചെയറിലാണ് യാത്ര. ഈ യാത്രകൾ‌ക്കിടെ ഒരുപാട് വ്യക്തിത്വങ്ങളെ കാണാനും സാധിച്ചു. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് കൃഷ്ണൻ. മോഹൻലാലിനേയും നേരിട്ട് കാണാൻ സാധിച്ചു. യാത്രയ്ക്കും വായനയ്ക്കും പുറമേ നല്ലൊരു ബ്ലോ​ഗെഴുത്തുകാരൻ കൂടിയാണ് കൃഷ്ണകുമാർ.ലാപ്ടോപ്പ് ഹോൾഡർ, ബുക്ക്സ്റ്റാൻഡ്, ഫോൺ ഹോൾഡർ എന്നിവ ഘടിപ്പിച്ച വീൽച്ചെയർ, സുഹൃത്തുക്കളുടെ സഹായത്താൽ ലഭിച്ച ശബ്ദംകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സോഫ്റ്റ് വെയർ, മൊബൈൽ ആപ്ലിക്കേഷൻ, എന്നിവയുടെ സഹായത്തോടെയാണ് എഴുത്തും വായനയും. ചരിത്രമാണ് ഇഷ്ടവിഷയം. കാമ്പസുകളിലും മറ്റും മൊട്ടിവേഷൻ ക്ലാസും എടുക്കറുണ്ട്. ഒരു വാ​ഗ്മിയും നല്ല കഥപറച്ചിലുകാരനും കൂടിയാണ് കൃഷ്ണകുമാർ.

ചിട്ടയായ ജീവിതമാണ് കൃഷ്ണകുമാറിന്റേത്. രാവിലെ 6 മണിക്ക് എഴുന്നേൽക്കും. ധ്യാനവും യോ​ഗയും കഴിഞ്ഞ് സുദീർഘമായ പത്രവായന.പിന്നീട് അരമണിക്കൂർ സോഷ്യൽമീഡിയയും ഈമെയിലും പരിശോധിക്കും, മറുപടി അയക്കേണ്ടവർക്ക് അയക്കും. അത് കഴിഞ്ഞ് പ്രഭാത ഭക്ഷണം.ശേഷം കുറച്ചുസമയം സുഹൃത്തുക്കളുമായി ഫോൺ വർത്തമാനം. കൃത്യം 12-ന് ഉച്ചഭക്ഷണം. ശേഷം ടി.വി. കാണും. ലഘുമയക്കം. പിന്നെ മൂന്നുമണിമുതൽ പുസ്തകവായനയാണ്.ഇടയ്ക്ക് കുറച്ചുനേരമെഴുതും സംഘടനാ വിഷയങ്ങളിലേക്കിറങ്ങും. വൈകുന്നേരം കുറച്ച് വാർത്തകൾ കേട്ടശേഷം പിന്നെയും തുടരുന്ന വായന അവസാനിക്കുന്നത് എട്ടുമണിക്കുള്ള അത്താഴത്തിലാണ്.

സൗഹൃദങ്ങളും യാത്രയും വായനയും എഴുത്തുമെല്ലാമായി കൃഷണകുമാർ തന്റെ ജീവിതം ആസ്വദിക്കുന്നു. കൃഷ്ണകുമാർ തന്റെ ജീവിതത്തിലൂടെ നമ്മുക്കും പറഞ്ഞുതരുന്നു.. ജീവിതം ആസ്വദിക്കാനും സ്നേഹിക്കാനുമുള്ളതാണെന്ന്….

Leave A Reply

Your email address will not be published.