ഭാഷവൈകല്യമുള്ളവർക്ക് താങ്ങായി മേരിക്കുട്ടി ടീച്ചർ

0 323

മഞ്ജുള നവീൻ

മേരിക്കുട്ടി ടീച്ചർ എന്ന ഭാഷ ശാസ്ത്ര വിദ​ഗ്ദ കർമ്മനിരതയാണ്. പലതരത്തിലുള്ള ഭാഷാവൈകല്യമുള്ളവർക്ക് ടീച്ചർ തുണയായി കൂടെയുണ്ട്.ഭാഷ ശാസ്ത്രത്തിൽ പിഎച്ഡിയെടുത്തതിന് ശേഷം 1998ൽ ശ്രീചിത്രയിലെ ന്യൂറോളജി വിഭാ​ഗത്തിൽ ജോലി കിട്ടിയതാണ് ടീച്ചറുടെ ജീവിതത്തിൽ വഴിത്തിരിവായത്. ശ്രീചിത്രയുടെ ഐക്കോൺസ് (institute for communicative and cognitive neurosciences) എന്ന സ്ഥാപനത്തിലാണ് ആദ്യ ജോലി. ബ്രെയ്ൻ ഡിസ്ഫങ്ഷനിങ് കാരണം ഭാഷ വൈകല്യമുള്ളവർക്കുള്ളസ്ഥാപനമായിരുന്നു അത്.

ഭാഷാ വൈകല്യങ്ങൾ പലവിധത്തിലുണ്ട്. ചിലർക്ക് എഴുതാനായിരിക്കും ബുദ്ധിമുട്ട്. ചിലർക്ക് സംസാരിക്കാനായിരിക്കും ചിലർക്ക് വായിക്കാനും. വിദ്യാർത്ഥികൾക്ക് സാധാരണ കാണാറുള്ള specific learning disability അഥവ ഡിസ്ലെക്സിയ ഉള്ള കുട്ടികൾക്ക് വായന വൈകല്യം, എഴുതുന്നതിനുള്ള അപാകതകൾ ( ഭാഷാപരമായും കൈയക്ഷരത്തിലും അപര്യാപ്തകൾ) അടിസ്ഥാന കണക്കുകൾ( കൂട്ടുക, കുറയ്ക്കുക, ഹരിക്കുക,​ഗുണിക്കുക , സ്ഥാന നിർണയം മുതലായവ) തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം വൈകല്യമുള്ളവരെ പഠിപ്പിക്കാൻ ഒരു സിസ്റ്റമാറ്റിക്ക് മെത്തേഡ് ഉണ്ട്. ഇതു വഴിയാണ് ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത്.

ഡോ. മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിൽ വന്നതോടെ ടീച്ചറുടെ ലോകം മാറി… 300 ഓളം കുട്ടികളുണ്ട് മാജിക്ക് പ്ലനറ്റിൽ. പലർക്കും പല പ്രശ്നങ്ങളാണ്. അത് കണ്ടുപിടിക്കാനും അതിജീവനത്തിന്റെ വഴിതുറന്നു കൊടുക്കാനും പ്ലാനറ്റിലെ മറ്റുള്ളവരോടൊപ്പം ടീച്ചറും കൂടി..

പതിനഞ്ചോളം ഭാഷ സ്വായത്തമാക്കിയ വരുൺ ടീച്ചറുടെ പ്രിയ ശിഷ്യരിൽ ഒരാളാണ്.വരുൺ ഓട്ടിസ്റ്റിക്കാണ്. സാമുഹിക ആശയവിനിമയം വളരെ ക്കുറവാണ്. വരുണിന്റെ അമ്മയാണ് വരുണിന് ഭാഷ പഠിക്കാനുള്ള കഴിവുണ്ടെന്ന് ടീച്ചറോട് പറയുന്നത്. അങ്ങനെ ടീച്ചർ ആ ദൗത്യം ഏറ്റെടുത്തു. ബംഗാളിയാണ് ആദ്യം പഠിപ്പിച്ചത്.ബം​ഗാളിയിൽ ഒരു കഥ വായിച്ച് പഠിപ്പിച്ചു ആദ്യം. പിന്നീട് കന്നഡ, ഹിന്ദി, തെലുങ്ക് അങ്ങനെ പലഭാഷകൾ കഥകളിലൂടെ ടീച്ചർ വരുണിന് പറ‍‍ഞ്ഞു കൊടുത്തു. അറബി ജർമ്മൻ പോലുള്ള വിദേശഭാഷകളും ഇപ്പോൾ വരുൺ ടീച്ചറുടെ സഹായത്തോടെ പഠിക്കുന്നുണ്ട്.കേൾക്കുന്നത് അത് പോലെ തന്നെ ആവർത്തിക്കാനുള്ള കഴിവും കാണുന്നത് അത് പോലെ എഴുതാനുള്ള കഴിവുമൊക്കെ ഉള്ളതുകൊണ്ടാണ് വരുണിന് ഈ കഴിവ് സ്വയത്തമാക്കാൻ കഴിഞ്ഞത്. ആ കഴിവ് തിരിച്ചറിഞ്ഞ് അതിനെ വികസിപ്പിച്ചെടുക്കുകയെന്നതായിരുന്നു ടീച്ചറുടെ ദൗത്യം. ആ ദൗത്യത്തിൽ ടീച്ചർ വിജയിച്ചു …വരുണിലൂടെ…

ഭാഷ അക്കങ്ങളിലേക്ക് മാറ്റുന്ന രം​ഗനാഥനും ടീച്ചറുടെ പ്രിയ ശിഷ്യരിൽ ഒരാളാണ് . ഇം​ഗ്ലീഷ് അക്ഷരമാലകളെല്ലാം അക്കങ്ങളിലേക്ക് മാറ്റി. ഇത്തരം കുട്ടികൾക്ക് കോഡിങ് നന്നായി ചെയ്യാൻ കഴിയുമെന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു. ഓരോ കുട്ടികളുടേയും കഴിവും താൽപ്പര്യവും വ്യത്യസ്തമാണ്. അവരുടെ കഴിവിനും താൽപ്പര്യത്തിനും അനുസരിച്ച് കുട്ടികളെ പരിശീലിപ്പിക്കുകയാണെങ്കിൽ കുട്ടികൾ എത്ര സമയം വേണമെങ്കിലും അതിനായി മാറ്റിവയ്ക്കുമെന്നും ടീച്ചർ അഭിപ്രായപ്പെടുന്നു.
അക്ഷരങ്ങൾ എല്ലാമറിയാമെങ്കിലും ചില കുട്ടികൾക്ക് കൂട്ടിവായിക്കാനാവണമെന്നില്ല. ക യും ട യും ല യും എല്ലാം അറിയാമെങ്കിലും കടല എന്ന് വായിക്കാനറിയാത്തവരുമുണ്ട്.അതൊരു കഴിവാണ്. അത്തരത്തിൽ കൂട്ടിവായിക്കാനറിയാത്തവരെ പഠിപ്പിക്കാനും ഒരു മെത്തേഡ് ഉണ്ട്. ആദ്യം കട വായിപ്പിക്കും. പിന്നീട് അത് കടല ആക്കും. പക്ഷെ അങ്ങനെ പരിമിതി ഉള്ളകുട്ടികൾക്ക് ഒരു മികച്ച വായനക്കാരനാകാനാകില്ലെന്നും അവർക്ക് മറ്റെന്തെങ്കിലും കഴിവുണ്ടാകുമെന്നും അത് മാതാപിതാക്കൾ മനസിലാക്കണമെന്നും ടീച്ചർ പറയുന്നു. ഭാഷയിലുള്ള പ്രശ്നങ്ങൾ അക്കങ്ങളിലും വരാമെന്നും ടീച്ചർ ഓർമ്മിപ്പിക്കുന്നു.

Leave A Reply

Your email address will not be published.