റെക്കോർഡുകളിലേക്ക് നീന്തി കയറി ചാൾസൺ

0 207

മഞ്ജുള നവീൻ

ചാൾസണ് നീന്തൽ വെറും ഒരു വിനോദമല്ല… ജീവൻരക്ഷാ മാർ​​ഗമാണ്. സർക്കാർ കണക്കു പ്രകാരം ജല അപകടങ്ങളിൽ മരിക്കുന്നതിൽ ഏറെപേരും നീന്തൽ അറിയുന്നവരാണെന്നാണ്. എന്നാൽ ചാൾസൺ ഈ വാചകം തിരുത്തും. നീന്തൽ അറിയാമെന്ന് കരുതുന്നവർക്കാണ് ജീവൻ നഷ്ടപ്പെടുന്നതെന്നാണ് ചാൾസൺ പറയുന്നത്. 5 മീറ്റർ നീന്താനറിയുന്നവർ കൂടുതൽ സമയം നീന്തുമ്പോൾ തളരുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്യും. ഇത്തരത്തിൽ ജീവൻ നഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് കേരളത്തിൽ.ഈ തിരിച്ചറിവാണ് ലൈഫ്​ഗാർഡായ ചാൾസണെ നീന്തൽ പരിശീലകനാക്കിയത്. പിന്നീട് വെള്ളത്തിൽ ഒരുമണിക്കൂർ നിർത്താതെ നിൽക്കാൻ കഴിയുന്ന രീതിയിൽ സ്വയം ഒരുപരിശീലന രീതി രൂപപ്പെടുത്തിയെടുക്കുക യായിരുന്നു ചാൾസൺ. നീന്തൽ ഒട്ടും വശമില്ലാത്തവർ ഇവിടെ 15 ദിവസം കൊണ്ടാണ് പരിശീലനം പൂർത്തിയാക്കുന്നത്.ദേഹത്തിൽ സ്പർശിക്കാതെയാണ് പരിശീലനം എന്നതും ഈ അക്കാദമിയിലെ പ്രത്യേകതയാണ്.

ചാൾസൺ അക്കാദമിയിലെ നീന്തൽ പരിശീലനം വ്യത്യസ്തമാണ്. പഠിക്കാൻ വരുന്നവർക്ക് അനുസരിച്ച് പഠനരീതിയിൽ മാറ്റം വരുത്തും. ഏഴുമിനിറ്റ് കൊണ്ടും പത്ത് മിനുറ്റ് കൊണ്ടും നീന്തൽ പഠിച്ച ശിഷ്യന്മാരുണ്ട് ചാൾസണ്. ഇവിടെ നിന്ന് ഒരുമണിക്കൂറിനുള്ളിൽ നീന്തൽ പഠിച്ചവരാണ് ഏറെയും. 6 വയസ്സുമുതൽ 80 വയസ്സുവരെയുള്ളവരുണ്ട് ചാൾസൺ അക്കാദമിയിൽ. പ്രായക്കൂടുതലോ വണ്ണക്കൂടുതലോ ഒന്നും ഈ അക്കാദമിയിൽ പ്രശ്നമല്ല.വെള്ളത്തെ ഭയക്കുന്നവരെ പോലും ചാൾസൺ തന്റെ മനശാസ്ത്ര പഠനത്തിലൂടെ നീന്തലിൽ വൈദ​ഗ്ദ്യം ഉള്ളവരാക്കുന്നു.100 മിനുറ്റിനുള്ളിൽ 100 പേരെ പഠിപ്പിച്ചതിനുള്ള ലോക റെക്കോർഡും ചാൾസണ് ലഭിച്ചിട്ടുണ്ട്. കൂടാതെ പുഴയിലും കായലിലും കടലിലും 16 കിലോമീറ്ററോളും ഒരുമിച്ച് നീന്തിയ റെക്കോർഡും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.

പന്ത്രണ്ടാം വയസ്സിൽ വല്ല്യപ്പനോടൊപ്പം ജീവത സാഹചര്യങ്ങൾ കൊണ്ട് മൽസ്യബന്ധനത്തിനായി വെള്ളത്തിലിറങ്ങിയതാണ് ചാൾസൺ.മീൻ പിടിക്കാനായി നീന്തൽ പഠിച്ച ചാൾ‌സൺ സ്വന്തം ശ്രമം കൊണ്ട് മണിക്കൂറുകളോളം നിന്തി തുടങ്ങി. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ സ്കൂൾ വിട്ട് വന്നാൽ മീൻ പിടിക്കാൻ പോകുമായിരുന്നു. പിന്നീട് പഠിത്തം നിർത്തണ്ടി വന്നു. അതിന് ശേഷം മണൽ വാരാൻ പോകുമായിരുന്നു. ചെറുപ്പത്തിലെ വെള്ളവുമായി കൂട്ട് കൂടിയിരുന്നെങ്കിലും കടലിനെ പേടിയായിരുന്നു. എന്നാൽ 35ാം വയസ്സിൽ കണ്ണൂരിൽ ലൈഫ്​ഗാർഡിനായുള്ള ഒരു ഇന്റർവ്യുയിൽ പങ്കെടുത്തിരുന്നു. അന്ന് നേവി നൽകിയ പരിശീലനമാണ് ചാൾസൺ എന്ന നീന്തൽ വിദ​ഗ്ദനെ വാർത്തെടുത്തത്.2007 മുതൽ കണ്ണൂർ പയ്യാമ്പലത്തെ ലൈഫ്​ഗാർഡാണ് ചാൾസൺ. മികച്ച ലൈഫ്​ഗാർഡിനുള്ള പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 60ഓളം ജീവനുകളാണ് ലൈഫ്​ഗാർഡായി ചാൾസൺ രക്ഷപ്പെടുത്തിയത്.

ജല അപകടമരണങ്ങൾ ഇല്ലാതാക്കാൻ ഇത്തരം പരിശീലനം നല്ലതാണെന്ന് ചാൾസൺ വിലയിരുത്തുന്നു. എന്നാൽ പൊതു സമൂഹത്തിന് നീന്തൽ പരിശിലത്തിന്റെ ആവശ്യകതയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും ഇതിനായി സർക്കാർ ബോധവൽക്കരണ ക്ലാസുകൾ നടത്തണമെന്നും ചാൾസൺ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഒരു പഞ്ചായത്തിൽ ഒരു സ്വിമ്മിം​ഗ് പൂൾ എന്ന നിർദേശവും ചാൾസൺ മുന്നോട്ട് വെയ്ക്കുന്നു. ഭാര്യ സുമയും മക്കളായ വില്യമും ജാസ്മിനും ചാൾസണിന് പിന്തുണ നൽകുന്നു.

Leave A Reply

Your email address will not be published.