വെറും കണ്ണാടി ചില്ലല്ല: ഉരുക്കാണ് ഈ മനസ്സ്

0 633

മഞ്ജുള നവീൻ

ഇന്ത്യയുടെ കണ്ണാടി വനിത എന്നാണ് അവളെ വിശേഷിപ്പിക്കുന്നത്. എന്നാൽ വെറും കണ്ണാടി അല്ല അവൾ. മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് ജീവിതം കെട്ടിപൊക്കിയ ഉരുക്ക് വനിതയാണ്. ഇത് ധന്യ രവി… ഓസ്റ്റിയോ ജെനസിസ് ഇമ്പെർഫെക്ട് എന്ന അപൂർവ്വ രോഗവുമായി പിറന്ന് വീണവൾ. ശബ്ദം കേട്ടാൽ പോലും എല്ലുകൾ പൊടിയുന്ന അപൂർവ്വ രോ​ഗാവസ്ഥ. ചിരിച്ചാൽ പോലും നുറുങ്ങുന്ന വേദന. എങ്കിലും തളരാത്ത മനസ്സുമായി അവൾ‌ വെല്ലുവിളികളെ നേരിട്ടു.

ജനിച്ചപ്പോൾ നിർത്താതെ കരയുന്ന കുഞ്ഞായിരുന്നു ധന്യ. അച്ഛൻ രവിയ്ക്ക് ബെംഗളൂരുവിൽ ആയിരുന്നു ജോലി.അതു കൊണ്ട് പാലക്കാട്ടുകാരാണെങ്കിലും ധന്യ ജനിച്ചതും വളർന്നതുമൊക്കെ ബെം​ഗളൂരുവിലാണ്. ധന്യ ജനിച്ച് രണ്ട്മാസം കഴിഞ്ഞപ്പോഴാണ് രോ​ഗം തിരിച്ചറിഞ്ഞത്.ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട (ബ്രിട്ടിൽ ബോൺ ഡിസീസ്) എന്ന ജനിതക രോഗം.. ഉറക്കെ ഒരു ശബ്ദം കേട്ടാൽ പോലും ശരീരത്തിലെ എല്ലുകൾ നുറുങ്ങും. ശരീരത്തിൽ ഏൽക്കുന്ന ഒരു പരുക്കൻ തലോടൽ പോലും ധന്യയ്ക്ക് സമ്മാനിക്കുന്നത് അസഹ്യമായ വേദനയാണ്. ആദ്യമൊക്കെ എല്ലൊന്നു നുറുങ്ങുമ്പോൾ അച്ഛനും അമ്മ നിർമലയും ധന്യയേയും കൊണ്ട് ആശുപത്രിയിലേക്ക് ഓടുമായിരുന്നു. എന്നാൽ പതിയെ ഡോക്ടർമാരും കൈവിട്ടു. ഇനി വരേണ്ടെന്നായി അവർ. വേദന വരുമ്പോൾ വേദനസംഹാരികൾ നൽകി ഉറങ്ങാൻ വിടുകയായി പിന്നീടങ്ങോട്ട്…പതിനേഴാം വയസ്സുവരെ എല്ല് പൊടിയുമായിരുന്നു. എന്നാൽ ഇപ്പോൾ കുറവുണ്ട്.രോഗം സ്ഥിരീകരിച്ച സമയത്ത് മരുന്ന് ഉണ്ടായിരുന്നില്ല. പിന്നീട് മരുന്ന് കണ്ടെത്തി. അതിനാൽ 15 വയസിനു വേഷം കാര്യമായി എല്ലുകൾ പൊടിഞ്ഞിട്ടില്ല. പത്തുവർഷത്തിന് ശേഷം വേദനാസംഹാരികൾ കഴിക്കുന്നതും അവസാനിപ്പിച്ചു.
ഈ ഒരു അവസ്ഥ കാരണം സ്‌കൂളിൽ പോകാൻ സാധിച്ചിട്ടില്ല ധന്യക്ക്. കാരണം, ആരും ഈ അവസ്ഥയിലുള്ള കുട്ടിയെ വിദ്യാർത്ഥിയായി സ്വീകരിച്ചിരുന്നില്ല.സ്കൂൾ പഠന മോഹം നടക്കില്ലെന്നായപ്പോൾ ‌ അയൽക്കാരിയായ വിക്ടോറിയ‌ സഹായത്തിനെത്തി.സുഹൃത്തിന്റെ സ്‌കൂളിലെ പുസ്തകങ്ങൾ ഉപയോഗിച്ച് പത്തുവർഷം ഇങ്ങനെ പഠിച്ചു. എന്നാൽ ഹോം സ്‌കൂളിങ് ഇല്ലാത്ത കാലമായതിനാൽ പരീക്ഷ എഴുതാനും സാധിച്ചില്ല. പിന്നീട് 24 വയസിൽ ഓപ്പൺ യുണിവേഴ്സിറ്റിയിൽ പ്ലസ്ടു പൂർത്തിയാക്കുകയായിരുന്നു ധന്യ.

22 വർഷം വീടിനുള്ളിൽ തന്നെയായിരുന്നു. അന്ന് വീൽചെയറും ഇല്ല. അങ്ങനെയാണ് തന്റെ സഹോദന്റെ കമ്പ്യൂട്ടറിൽ സമയം ചെലവഴിക്കാൻ തുടങ്ങിയത്. കമ്പ്യൂട്ടറിലൂടെ അവൾ ലോകം കണ്ടുതുടങ്ങി. ഓർക്കൂട്ടിലും സജീവമായി ധന്യ. അവിടെനിന്നും ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും ഒട്ടേറെ സൗഹൃദങ്ങൾ സൃഷ്ടിക്കാനും അതിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് പ്രചോദനമാകാനും ധന്യക്ക് സാധിച്ചു.

ഓൺലൈൻ രംഗത്തു സജീവമായതോടെയാണു ധന്യ കണ്ടന്റ് റൈറ്റിങ് തുടങ്ങിയത്. ചെറിയ വരുമാനത്തിൽ തുടക്കം. ഡിജിറ്റൽ മാർക്കറ്റിങ്, ടാഗ് ലൈൻ എഴുത്ത്, ബ്ലോഗെഴുത്ത്, വി‍‍‍ഡിയോ സ്ക്രിപ്റ്റ് രചന, ഡേറ്റാ എൻട്രി, ഓൺലൈൻ കോളം അങ്ങനെ തിരക്കിലായി ധന്യ. വെറുതെ ഇരിക്കാൻ തയ്യാറല്ല ധന്യ. ഇന്ന് ഒരുപാട് പേർക്ക് പ്രചോദനമാണ് ധന്യ… ധന്യയുടെ വാക്കുകളിലൂടെ പ്രചോദനം ഉൾകൊണ്ട് ജീവിതത്തോട് പൊരുതിജയിച്ച ഒരുപാട് പേരുണ്ട്. വിദ്യാഭ്യാസം എല്ലാകുട്ടികളുടേയും അവകാശമാണെന്നും ധന്യ ഓർമ്മപ്പെടുത്തുന്നു. വരും തലമുറയ്ക്ക് നമ്മുക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്പത്തും വിദ്യാഭ്യാസമാണെന്ന് ധന്യ അഭിപ്രായപ്പെടുന്നു. വീൽചെയറിൽ തീർക്കാനുള്ളതല്ല തന്നെപോലുള്ളവരുടെ ജീവിതം എന്നും ഈ പെൺകുട്ടി സമൂഹത്തോട് വിളിച്ച് പറയുന്നു.

Leave A Reply

Your email address will not be published.