വീൽചെയറിൽ ഒരു സ്വപ്നാടനം…

0 309

മഞ്ജുള നവീൻ

രമ്യ ​ഗണേഷ് തന്റെ വീൽചെയറിലിരുന്ന് യാത്ര തുടരുകയാണ്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം വളരെ ചെറുതാണെന്ന് രമ്യയുടെ ജീവിതം പറ‍ഞ്ഞു തരുന്നു. കേരളത്തിന്റെ ആദ്യ വീൽചെയർ മോഡലാണ് രമ്യ… തന്റെ ആ​ഗ്രഹങ്ങളെ ഉള്ളിലൊതുക്കാതെ പ്രതിസന്ധികളെ നേരിട്ട് ജീവിച്ച് കാണിക്കുകയാണ് രമ്യ ഇന്ന്.

പോളിയോ ബാധിച്ച് കാലുകള്‍ക്ക് ചലനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിനിയായ രമ്യ ഗണേഷിന്റെ ജീവിതം. സഹതപിച്ചവര്‍ക്കുമുന്നില്‍ ഇന്ന് രമ്യ ഗണേഷ് എന്ന കോഴിക്കോട്ടുകാരി ജീവിച്ചുകാണിക്കുകയാണ്. വീല്‍ചെയര്‍ മോഡല്‍, ഭിന്നശേഷിക്കാരായ വ്യക്തികളില്‍ സാക്ഷരതാമിഷനിലൂടെ കോളേജില്‍ പ്രവേശനം നേടിയ അപൂര്‍വം പേരിലൊരാള്‍ , നൃത്തം, എഴുത്ത് അങ്ങനെ അവർ ജീവിതം നിറം പിടിപ്പിക്കുന്നു.


കോഴിക്കോട്ടുകാരായ സതീദേവിയുടെയും ഗണേശന്റെയും മൂന്നാമത്തെ മകളാണ് രമ്യ. ജനിച്ച് ഒമ്പത് മാസം വരെ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ വളരെ പെട്ടെന്നാണ് ജീവിതം വഴിമാറിയത്. പോളിയോവാക്‌സിനെടുത്തതിന്റെ തൊട്ടടുത്ത ദിവസം ചെവിയിലൂടെ പഴുപ്പുപോലെ ഒലിച്ചിറങ്ങുന്നു. വേറെ അസ്വസ്ഥതകളൊന്നുമില്ല. എങ്കിലും വീട്ടുകാർക്കൊക്കെ പേടിയായി. മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. പിന്നീട് മൂന്ന് ദിവസം ഐസിയുവിലായിരുന്നു.തലച്ചോറിന് കാര്യമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഒരു ഭാഗം തളര്‍ന്നതുപോലെയാണ്. വളരുമ്പോള്‍ കുറേ പ്രശ്‌നങ്ങളുണ്ടാവും. ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ടിവരും ഇതായിരുന്നു ഡോക്ടറുടെ വാക്കുകൾ. പിന്നീടങ്ങോട്ട് അതിജീവനത്തിന്റെ യാത്രയായിരുന്നു. ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര. ഡോക്ടർ പറ‍ഞ്ഞപോലെ ഓരോ ഘട്ടവും ഒരോ കടമ്പയായിരുന്നു. വളരെ വൈകിയാണ് നടന്ന് തുടങ്ങിയത്. സ്കൂൾ കാലഘട്ടം നടക്കാവ് സ്കൂളിൽ ആയിരുന്നു. സഹപാഠികളും അദ്ധ്യാപകരുമൊക്കെ പിന്തുണയുമായി രമ്യയ്ക്ക് ചുറ്റുമുണ്ടായിരുന്നു.പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രമ്യയുടെ അച്ഛന്‍ പെട്ടെന്ന് മരിക്കുന്നത്. അത് രമ്യയ്ക്ക് കടുത്ത ആഘാതമായിരുന്നു ഉണ്ടാക്കിയത്.. പിന്നീട് പഠനം തുടരാൻ കഴിഞ്ഞില്ല.
അങ്ങനെ രമ്യയുടെ ലോകം വീട് മാത്രമായി. .പുറത്ത് ഇറങ്ങിയാൽ ആളുകളുടെ സഹതാപ വാക്കുകൾ കേൾക്കണം.തന്റെ പ്രായത്തിലുള്ള ചെറുപ്പക്കാരിലൊക്കെ മാറ്റങ്ങളുണ്ടാകുന്നു. ജോലികിട്ടുന്നു, വിവാഹിതരാകുന്നു, കുട്ടികളാകുന്നു… തനിക്ക് മാത്രം ഒരുമാറ്റവുമില്ല എന്ന ചിന്ത രമ്യയെ അലട്ടാൻ തുടങ്ങി.പതുക്കെപ്പതുക്കെ മനസ്സിനെ എന്തൊക്കെയോ അസ്വസ്ഥതകള്‍ ബാധിക്കുന്നത് രമ്യ അറിയുന്നുണ്ടായിരുന്നു. പക്ഷെ അന്ന് തന്നെ ബാധിച്ചത് ഡിപ്രഷനാണെന്ന് രമ്യ തിരിച്ചറിയുന്നത് ഇപ്പോഴാണ്. അങ്ങനെയിരിക്കെയാണ് ശാരീരിക വൈകല്യമുള്ളവരുടെ പേഴ്‌സണല്‍ ഡവലപ്പ്‌മെന്റ് കോഴ്‌സിനെക്കുറിച്ച് ഒരു പത്രക്കട്ടിങ്ങിലൂടെ രമ്യ അറിയുന്നത്. ആ കോഴ്‌സാണ് രമ്യയുടെ ജീവിതം മാറ്റിമറിക്കുന്നതും. തന്നെപോലെ അല്ലെങ്കിൽ തന്നെക്കാൾ പ്രശ്നങ്ങളുള്ള ഒരുപാട് പേർ നമ്മുക്ക് ചുറ്റുമുണ്ടെന്ന് രമ്യ തിരിച്ചറിഞ്ഞു. അത്മവിശ്വാസത്തോടെ സംസാരിക്കാൻ പഠിച്ചു. അതുവരെ അമ്മയില്ലാതെ എവിടേയും പോകാത്ത രമ്യ ഒറ്റയ്ക്ക് യാത്ര ചെയ്തുതുടങ്ങി.
കോഴ്‌സിനു പോയപ്പോള്‍ പരിചയപ്പെട്ട സുഖദേവ് സാറാണ് രമ്യയോട് സാക്ഷരത മിഷന്റെ ക്ലാസിനെക്കുറിച്ച് പറയുന്നത്. അങ്ങനെ അവിടെ ചേര്‍ന്നു, പത്താം ക്ലാസ് എഴുതിയെടുത്തു.പിന്നീട് പ്ലസ് വണ്‍, പ്ലസ്ടുവും. ആ ഇടയ്ക്കാണ് ഡ്രീം ഓഫ് അസ് എന്ന കൂട്ടായ്മയുടെ ഭാഗമാകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംഘടനയാണിത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഡ്രിം ഓഫ് അസ് സംഘടിപ്പിച്ച സംസ്ഥാനതല ചിത്രപ്രദര്‍ശനത്തിന്റെ പ്രധാന കോഡിനേറ്റര്‍മാരില്‍ ഒരാളായി രമ്യ. പൊതുവേദികളില്‍ ആത്മവിശ്വാസത്തോടെ സംസാരിച്ചു തുടങ്ങി. അങ്ങനെയിരിക്കെയാണ് മോഡലിങ്ങിൽ ഒരു കൈ നോക്കുന്നത്. ചെറുപ്പം തൊട്ടേ മോഡലിങിനോട് വലിയ താൽപ്പര്യമാണ്. എന്നാൽ പരിമിതികളെ മറികടന്ന് മോഡലാകുക അത്ര എളുപ്പമല്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ഫെസ്റ്റിവലില്‍ പേരുകൊടുത്തതാണ് വഴിത്തിരിവായത്.അങ്ങനെ ആദ്യമായി വീല്‍ചെയറുരുട്ടി റാംപിലൂടെ പോയി. അതിനുശേഷം പെരിന്തല്‍മണ്ണയില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിനുവേണ്ടിയും കോഴിക്കോടുള്ള ബോട്ടീക്കുകൾക്ക് വേണ്ടിയുമൊക്ക മോഡലിങ് ചെയ്തു. രമ്യ ഇന്ന് കേരളത്തിലെ ആദ്യ വീൽചെയർ മോഡലാണ്. സ്വപ്നങ്ങലിലേക്കുള്ള യാത്ര അവൾ തുടരുകായാണ്. അവളുടെ സ്വപ്നത്തിൽ എന്നും അമ്മയുണ്ട്. തനിക്ക് താങ്ങായി നിന്ന അമ്മയെ ഇനിയുള്ള കാലം നന്നായി നോക്കണം. പഠനം തുടരണം അങ്ങനെ രമ്യയുടെ ജൈത്രയാത്ര തുടരും….

Leave A Reply

Your email address will not be published.