പിസിഒഎസ് ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം

0 595

പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന അവസ്ഥയെ കുറിച്ച്‌ ഇന്ന് മിക്കവര്‍ക്കും അറിയാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളെ ബാധിക്കുന്ന പിസിഒഎസ് പ്രധാനമായും ആര്‍ത്തവ ക്രമക്കേടുകള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇതിന് പുറമെ അമിതവണ്ണം, വിഷാദരോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കും പിസിഒഎസ് വഴിയൊരുക്കുന്നു.

പിസിഒഎസിന്‍റെ കാര്യത്തില്‍ ജീവിതരീതികള്‍ക്ക് വലിയ പങ്കുണ്ട്. അതായത് മോശം ഭക്ഷണം, വ്യായാമമില്ലായ്മ എന്നിവയടക്കമുള്ള അനാരോഗ്യകരമായ ജീവിതരീതി, പതിവായ സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം തന്നെ പിസിഒഎസിലേക്ക് ക്രമേണ നയിക്കാം. പിസിഒഎസിനെ കുറിച്ചുള്ള മറ്റൊരു വ്യാപക തെറ്റിദ്ധാരണയാണ് ഇത് കൗമാരകാലത്ത് മാത്രമേ ബാധിക്കൂ എന്നത്. എന്നാലങ്ങനെയല്ല, മുതിര്‍ന്ന സ്ത്രീകളെയും പിസിഒഎസ് പിടികൂടാം. പക്ഷേ പലരും വളരെ വൈകി മാത്രമേ ഇത് തിരിച്ചറിയൂ. അപ്പോഴേക്ക് ഏറെ പ്രയാസങ്ങള്‍ നേരിടുകയും ചെയ്തിരിക്കാം.

ചില ലക്ഷണങ്ങളിലൂടെ നേരത്തെ തന്നെ മുതിര്‍ന്ന സ്ത്രീകളിലെ പിസിഒഎസ് മനസിലാക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ രോഗാവസ്ഥയെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യാം.

ഇത്തരത്തില്‍ പിസിഒഎസ് മനസിലാക്കാൻ സഹായിക്കുന്ന ചില ലക്ഷണങ്ങളെ പറ്റി ആദ്യമറിയാം.

1- ആര്‍ത്തവക്രമം തെറ്റുന്നത്.
2- അമിതമായി മുഖക്കുരു.
3- അമിതവണ്ണം
4- മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അസാധാരണമായ രോമവളര്‍ച്ച

ആര്‍ത്തവ ക്രമക്കേട്

കൗമാരക്കാരില്‍, അതായത് ആര്‍ത്തവം തുടങ്ങി അധികമാകാത്തവരില്‍ ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സാധാരണമാണ്. ഇത് രണ്ട്- മൂന്ന് വര്‍ഷത്തിനകം തന്നെ ശരിയാവേണ്ടതുമാണ്. എന്നാല്‍ മുതിര്‍ന്ന പ്രായത്തിലും ആര്‍ത്തവ ക്രമക്കേട്, കാര്യമായ വേദന, അമിത രക്തസ്രാവം എന്നിവ കാണുകയാണെങ്കില്‍ വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണുക. കാരണം പിസിഒഎസ് ആകാനുള്ള സാധ്യത ഏറെയാണ്.

മുഖക്കുരു- അമിതവണ്ണം

പിസിഒഎസ് ആദ്യമേ സൂചിപ്പിച്ചുവല്ലോ, ഹോര്‍മോണ്‍ വ്യതിയാനങ്ങളെയാണ് പ്രത്യേകമായി എടുത്തുകാണിക്കുന്നത്. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് കൂടുതലും മുഖക്കുരു- അമിതവണ്ണം എന്നിവയിലേക്ക് നയിക്കുന്നത്. അതുപോലെ തന്നെ അലസമായ ജീവിതരീതി കൂടിയുള്ളവരാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഇരട്ടിയാകുന്നു.

രോമവളര്‍ച്ച

പിസിഒഎസിനെ തുടര്‍ന്ന് ധാരാളം സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ് അമിതമായ രോമവളര്‍ച്ച. അതും മുഖത്ത് മീശ, താടി, കൃതാവ് പോലെ രോമവളര്‍ച്ചയുണ്ടാകുന്നത് മിക്കവരിലും കാര്യമായ മാനസികപ്രശ്നത്തിനും ഇടയാക്കുന്നു എന്നതാണ് പ്രധാനം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന് കാരണമായി വരുന്നത്. കൃത്യമായി ചികിത്സയെടുത്താല്‍ ഇതിന് വലിയ പരിധി വരെ പരിഹാരം കാണാൻ സാധിക്കുന്നതാണ്.

Leave A Reply

Your email address will not be published.