വീൽചെയറിലിരുന്ന് സ്വപ്നത്തിലേയ്ക്കൊരു യാത്ര…

0 362

ഷിബിന അബ്ദു സ്വപ്നം കാണുകയാണ്…തന്റെ വീൽചെയറിലിരുന്ന്… വെറും സ്വപ്നമല്ല ഒരുപാട് പേർക്ക് പ്രതീക്ഷയും പ്രത്യാശയും നൽകുന്ന സ്വപ്നം. സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോ​ഗം തന്റെ ശരീരത്തെ തളർത്തിയെങ്കിലും മനസ്സിനെ തളർത്തിയില്ലെന്ന് തെളിയിക്കുകയാണ് ഈ മിടുക്കി. കാലടി തുറവുംകര അബ്ദുവിന്റേയും ജമീലയുടേയും മൂത്തമകൾ ഷിബിന കഠിനപ്രയത്നം കൊണ്ട് തന്റെ പരിമിതികളെ അതിജീവിക്കുകയാണ്. ഷിബിനയെന്ന മിടുക്കിയുടെ കഥയറിയാം…

ചെറുപ്പം തൊട്ട് തന്നെ വായനയോട് ഏറെ താൽപ്പര്യമുണ്ടായിരുന്നു. അത്പോലെ തന്നെ ക്രാഫ്റ്റ് വർക്കും ചെയ്യുമായിരുന്നു. പിറന്ന് വീണതു മുതൽ കൂടെ കൂടിയ അസുഖം കാരണം സാധാരണ കുട്ടികളെ പോലെ സ്കൂളിൽ പോയി പഠിക്കാൻ സാധിക്കുമായിരുന്നില്ല. പരീക്ഷ എഴുതാൻ മാത്രമേ വിദ്യാലയത്തിലെത്തിയിരുന്നുള്ളു. പക്ഷെ ഇതൊന്നും ഷിബിനയ്ക്ക് ഒരു തടസ്സമായിരുന്നില്ല.എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ഷിബിന പ്ലസ്ടു പരീക്ഷയിൽ 91ശതമാനം മാർക്കോടെയാണ് പാസായത്. ഈ വിജയം ഷിബിനയുടേത് മാത്രമായിരുന്നില്ല. ഇതുപോലുള്ള അനേകം കുട്ടികൾക്ക് ഒരു പ്രചോദനമായി മാറുകയായിരുന്നു. ഇന്ന് ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയാണ്. ഷിബിനയുടെ സ്വപ്നത്തിലേക്കുള്ള യാത്ര അവിടം കൊണ്ട് അവസാനിച്ചില്ല. മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർമാരിൽ ഒരാളാണ് ഷിബിന. സംഘടനയുടെ തന്നെ വിമൻ എംപർമെന്റ് പ്രോ​ഗ്രം കോർഡിനേറ്റർമാരാണ് ഷിബിനയും സുഹൃത്തായ എമി സെബാസ്റ്റ്യനും. കേരളത്തിലെ 14 ജില്ലകളിലും ഉള്ള മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി തുടങ്ങിയ അവസ്ഥകൾ ബാധിച്ച് ശാരീരിക ബലക്ഷയം സംഭവിച്ച സ്ത്രീകളെ ശാരീരികവും മാനസികവും സാമൂഹികവുമായി ഉയർത്തിക്കൊണ്ടുവരിക, അവർക്കു പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങൾമുൻനിർത്തിയുള്ള മൈൻഡ് ട്രസ്റ്റിന്റെ പദ്ധതിയാണ് വി (വിഇ– വിമൻ എംപവർമെന്റ്) എന്ന പ്രോജക്ട്. 2020 ഡിസംബർ മൂന്നു മുതൽ ഈ പ്രൊജക്ട് പ്രവർത്തിക്കുന്നുണ്ട്.
ശാരീരികമായ പ്രതിബന്ധങ്ങൾ തരണം ചെയ്ത് ഭിന്നശേഷിക്കാർ തൊഴിൽപരമായും മറ്റും മുന്നോട്ടുവരുന്നതിന് എല്ലാ പിന്തുണയും കൊടുക്കാൻ ഈ പ്രൊജക്ടിലൂടെ ഷിബിനയ്ക്ക് സാധിക്കുന്നുണ്ട്. വീൽചെയറിലിരുന്ന് വിഇയുടെ സഹായത്തോടെ തങ്ങളുടെ സ്വപ്നം നിറവേറ്റിയത് നിരവധിപേരാണ്. തങ്ങൾക്ക് അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുയാണ് ഇവർ… ഇതിന് ഉദാഹരണമാണ് 2022 ൽ വിഇയിലെ അം​ഗങ്ങൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം. ഫിലിമിന്റെ അരങ്ങിലും അണിയറയിലും വിഇയിലെ അം​ഗങ്ങൾ തന്നെ.ഷോർട്ട് ഫിലിമിന് പുറമേ മ്യൂസിക്കൽ ഇവന്റ് , നൃത്തം, സെമിനാറുകൾ, കരിയർ ​ഗൈഡൻസ്, കൗൺസിലിങ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഇവിടെ നൽകുന്നുണ്ട്. മൈൻഡ് ട്രസ്റ്റിലെ 35 ശതമാനത്തോളം സ്ത്രീകളെ ഒരു തൊഴിൽ എന്ന സ്വപ്നത്തിലേക്ക് എത്തിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ വ്യക്തിയിലും ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി വികസിപ്പിച്ച് ജീവിതത്തിൽ ഒരു വഴികാട്ടിയായി മാറുകയാണ് ഈ പ്രോജക്ട്.

‌ഈ പ്രവർത്തനങ്ങൾ വിലയിരുത്തി കേരളത്തിലെ ഒരു സ്വകാര്യചാനൽ ഏർപ്പെടുത്തിയ സ്ത്രീരത്ന അവാർഡും ഷിബിനയെ തേടി എത്തിയിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തികുന്ന ഒരു കമ്പനിയിൽ കണ്ടന്റ് റൈറ്റർ ആയി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഡിജിറ്റൽ മാർക്കറ്റിങും പഠിച്ചു. ഇന്ന് ജിയോയിൽ കസ്റ്റമർ അസോസിയേറ്റ് ആണ്. നാലുചുവരുകൾ‌ക്കുള്ളിൽ അടച്ചിരിക്കേണ്ടവരല്ല തങ്ങൾ എന്ന് ഷിബിന തൻ‌ന്റെ ജീവിതത്തിലൂടെ പറയുന്നു. ഷിബിനയുടെ പോരട്ടങ്ങൾക്ക് വീര്യം പകർന്ന് മാതാപിതാക്കളും സഹോദരൻ റിജാസും കൂടെയുണ്ട്

Leave A Reply

Your email address will not be published.