ഇത് ആത്മധൈര്യത്തിന്റെ, അതിജീവനത്തിന്റെ കഥ…

0 758

പൂനം റോസ് എബ്രഹാം… തന്റെ പരിമിതികളെ തോൽപ്പിച്ച് ജീവിത വിജയം കൈവരിച്ചവൾ. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോ​ഗത്തിന് മുന്നിൽ തളരാതെ അവൾ തനിക്കായി ഒരു പാത പണിതു. ആ പാതയിലൂടെ അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും ലക്ഷ്യങ്ങളും നേടിയെടുത്തു.

കോട്ടയം പാലയിലെ എബ്രഹാം ഫ്രാൻസിസിന്റേയും ശോഭ എബ്രഹാമിന്റേയും നാലാമത്തെ മകളാണ് പൂനം. ഒന്നര വയസ്സിലാണ് തങ്ങളുടെ മകൾ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതയാണെന്ന് ഈ ദമ്പതികൾ തിരിച്ചറിഞ്ഞത്. എന്നാൽ തങ്ങളുടെ മകളെ വിധിയുടെ കരങ്ങലിലേൽപ്പിക്കാൻ എബ്രഹാമും ശോഭയും തയ്യറായിരുന്നില്ല. പിന്നീട് ഒരു പോരാട്ടമായിരുന്നു. ഈ അസുഖത്തെകുറിച്ച് കിട്ടാവുന്ന എല്ലാവിവരവും അവർ ശേഖരിച്ചു.തങ്ങളുടെ മകൾ അസുഖ ബാധിതയാണെന്ന സത്യത്തെ അവർ അം​ഗീകരിച്ചു. പിന്നീട് മകളേയും അവർ പറഞ്ഞ് മനസ്സിലാക്കി. പൂനത്തിനെ ചെറുപ്പത്തിൽ തന്നെ ഈ അസുഖവുമായി കൂട്ടുകൂടാൻ ശീലിപ്പിച്ചത് മാതാപിതാക്കളാണ്. അവർ മകളെ ഒരു പോരാളിയായി വളർത്തി. അത്കൊണ്ട് തന്നെ പൂനം ഒരിക്കലും തന്റെ പരിമിതികളെക്കുറിച്ച് ആലോചിച്ച് വ്യസനിച്ചിട്ടില്ല. പത്ത് വയസ്സ് വരെ നടന്നിരുന്ന പൂനം പിന്നെ വീൽചെയറിലായി യാത്ര. എങ്കിലും അവളുടെ സ്വപ്നങ്ങൾ വീൽചെയറിൽ ഒതുങ്ങിയില്ല. അമ്മ പഠിപ്പിച്ചിരുന്ന സിബിഎസ്ഇ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾജീവിതം നല്ല ഓർമ്മകൾ മാത്രമേ പൂനത്തിന് ഉണ്ടായിട്ടുള്ളു.

പൂനത്തിന് 18 വയസ്സുള്ളപ്പോഴാണ് വിധി വീണ്ടും പൂനത്തിന്റെ ജീവിതത്തിൽ കരിനിഴൽ ഏൽപ്പിച്ചത്. അച്ഛന്റെ പെട്ടെന്നുള്ള മരണം പൂനത്തിനെ തളർത്തി. ആ ആഘാതം വിട്ടുമാറുന്നതിന് മുന്നേ ഏഴുമാസം കഴിഞ്ഞ് അമ്മയും പോയി. അമ്മ മൂന്നുമാസത്തോളം ആശുപത്രിയിലായിരുന്നു. ആ കാലയളവിൽ പൂനത്തിന്റെ അമ്മയുടെ ആശങ്ക താൻകൂടെ പോയാൽ മകൾ എങ്ങനെ ജീവിക്കും എന്നായിരുന്നു. എന്നാൽ പൂനത്തിന് അറിയാമായിരുന്നു താൻ ഒറ്റയ്ക്ക് ജീവിതത്തെ നേരിടാൻ പ്രാപ്തയാണെന്ന്. തന്റെ മാതാപിതാക്കൾ തന്നെ വളർത്തിയത് അങ്ങനെയാണെന്ന്.

മാതാപിതാക്കളുടെ മരണശേഷം ഒറ്റപെടൽ അനുഭവിച്ചിരുന്നു. സഹോദരിമാർ ജോലിക്കായും പഠിക്കാനായും പുറത്ത് പോകുമ്പോൾ പൂനം ഒറ്റയ്ക്ക് വീട്ടിലിരുന്നു. ഈ കാലയളവിൽ തന്റെ പഠനം പൂർത്തിയാക്കിയെങ്കിലും ജോലിതേടി പോകാനായില്ല.

അങ്ങനെയിരിക്കെയാണ് 2020ൽ കോവിഡ് സമയത്ത് മൈൻഡ് എന്ന കൂട്ടായ്മയെ കുറിച്ചറിയുന്നത്. മൈൻഡിൽ വന്നതോടെ പൂനത്തിന്റെ ജീവിതം തന്നെ മാറി. ഒരുപാട് സുഹൃത്തുക്കൾ. ഇഷ്ടമുള്ള ജോലി, അങ്ങനെ മൈൻഡിലെ സജീവ പ്രവർത്തകയായി പൂനം.
പൂനത്തിന് എന്നും പ്രചോദനമായിട്ടുള്ള രണ്ട് വ്യക്തികൾ അമ്മയും സഹോദരി പൂജയുമാണ്. താൻ കണ്ടതിൽ ഏറ്റവും ശക്തയായ സ്ത്രീ തന്റെ അമ്മയാണെന്ന് പൂനം പറയും.അത്പോലെ തന്നെ സഹോദരി പൂജ പൂനത്തിന് അമ്മയ്ക്ക് സമാനമാണ്.

Leave A Reply

Your email address will not be published.